കെ.എസ്.ഇ.ബി.മോഡല്‍ സെക്ഷനുകള്‍

SUNDAY, JULY4, 2010
കേരളത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ദീര്‍ഘവീക്ഷണത്തോടുകൂടിയ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയന്മായതാണ് മോഡല്‍ സെക്ഷനുകളുടെ രൂപീകരണം. വിമര്‍ശനങ്ങള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു എങ്കിലും, മോഡല്‍ സെക്ഷനുകളുടെ പ്രവര്‍ത്തനരീതി വളരെയധികം ശ്ളാഘനീയമാണെന്ന് പറയാതെ വയ്യ. സെക്ഷന്‍ ഓഫീസുകളുടെ രൂപവും ഭാവവും മാറിയതോടൊപ്പം, ജീവനക്കാരുടെ പെരുമാറ്റത്തിലും മനസ്ഥിതിയിലും വ്യക്തമായ മാറ്റം വന്നിരിക്കുന്നു. കൂടാതെ സെക്ഷന്‍ ഓഫീസുകളില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ ഇപ്പോള്‍ വളരെയധികം കാര്യക്ഷമമായി കൈകാര്യം ചെയ്യപ്പെടുന്നു.
          ഇതൊക്കെയാണെങ്കിലും ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നു പോകേണ്ടതായ ഈ പ്രസ്ഥാനം ഈ മാറ്റങ്ങളുടെ കാരണം കൊണ്ടുതന്നെ ജനങ്ങളില്‍ നിന്നും വളരെയധികം വിമര്‍ശനങ്ങള്‍ നേരിടുന്നതായി കാണുന്നു. ഈ കാരണങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് അവരുടെ തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമങ്ങള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോഡല്‍ സെക്ഷനുകളില്‍ മാത്രമല്ല, സാധാരണ സെക്ഷനുകളിലും വൈദ്യുതി തടസ്സം പഴയതിനേക്കാള്‍ കൂടിയതായി ധാരണ പടര്‍ന്നിട്ടുള്ളതായി കാണുന്നു. എന്നാല്‍ ഭാവിയില്‍ ഇത്തരം വൈദ്യുതി തടസ്സങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധിക്കു കാരണം എന്ന് പൊതുജനങ്ങളേയും ജനപ്രതിനിധികളേയും അറിയിക്കേണ്ടത് അത്യാവശ്യമാണ്.
          ഏതായാലും പഴയ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന വിരസവും പൊതുജനങ്ങളോട് മുഖം തിരിച്ചു നിന്നിരുന്നതുമായ കെ.എസ്.ഇ.ബി. ഓഫീസുകള്‍ ഇനി ഓര്‍മ്മ മാത്രമാകുമെന്ന് തീര്‍ച്ച.

© The Grid, a blog for KSEB staff   

TopBottom