സമ്പൂർണ്ണ വൈദ്യുതീകരണം എന്ത് ?



(
സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ തുടക്കത്തിൽ ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിന്ന്)
    2017 മാർച്ച്മാസത്തോടെ കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കാനുള്ള കർമ്മ പദ്ധതിയുമായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും മുന്നോട്ടു പോകുകയാണ്.  പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കും. വൈദ്യുതി ലൈനും ട്രാൻസ്ഫോർമറും എത്തിയിട്ടില്ലാത്ത മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എംപിമാരുടെയും എംഎൽഎമാരുടെയും വികസന ഫണ്ടുകൾ, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ ഫണ്ടുകൾ, കേന്ദ്രാവിഷ്കൃത പദ്ധതിവിഹിതം,വിവിധ വികസന പ്രോജക്ടുകളിൽ നിന്നുള്ള ഫണ്ടുകൾ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാ വ്യാപനം നടത്തുക.

          ബിപിഎൽ ഭവനങ്ങൾക്ക്‌ വെതർപ്രൂഫ്‌ കണക്ഷൻ സൗജന്യമായി നൽകും. ബിപിഎൽ ഇതര ഉപഭോക്താക്കൾ വെതർ പ്രൂഫ്‌ കണക്ഷനുള്ള എസ്റ്റിമേറ്റ്‌ തുക സ്വയം വഹിക്കേണ്ടതുണ്ട്‌. ശൃംഖലാ വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക്‌ വയറിംഗ്‌ പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചവർക്ക്‌ കണക്ഷൻ നൽകും.


  ലൈൻ വലിക്കുന്നതിന്‌ വനം വകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും ഉള്ളതിനാൽ വിദൂരമായ കോളനികളിലേക്ക്‌ നിലവിലുള്ള വിതരണ ശൃംഖല നീട്ടുന്നത്‌ പ്രായോഗികമാവില്ല. അത്തരം സ്ഥലങ്ങളിൽ വികേന്ദ്രീകൃതമായ ഉൽപ്പാദനവിതരണത്തിലൂടെയും മൈക്രോ ഗ്രിഡുകൾ സ്ഥാപിച്ചുമൊക്കെ വൈദ്യുതീകരണം പൂർത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.


 ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക്‌ നേരിട്ടോ, പഞ്ചായത്തംഗങ്ങൾ, സന്നദ്ധസംഘടനകൾ, സർക്കാരിതര സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെയോ അതതു പ്രദേശത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ നൽകാവുന്നതാണ്‌. അപേക്ഷയിൽ ഗുണഭോക്താവിന്റെ പേര്‌, വിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, വീടിന്റെ സ്ഥാനം തിരിച്ചറിയാനുതകുന്ന മാർഗ്ഗം, ഉപഭോക്താവ്‌ ദാരിദ്ര്യ രേഖയ്ക്ക്‌ താഴെയാണോ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്നയാളാണോ, വീട്‌ നിലവിൽ വയറിംഗ്‌ പൂർത്തിയാക്കിയതാണോ തുടങ്ങി ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.

    അപേക്ഷയുടെ മാതൃക കെഎസ്‌ഇബി സെക്ഷൻ ഓഫീസുകളിൽ സൗജന്യമായി ലഭ്യമാണ്‌. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഓഗസ്റ്റ്‌ ഒന്നിനുമുമ്പ്‌ അതത്‌ സെക്ഷൻ ഓഫീസുകളിൽ സമർപ്പിക്കണം. ഇതു സംബന്ധിച്ച്‌ കൂടുതൽ വിശദവിവരങ്ങൾ കെഎസ്‌ഇബി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ്‌ എഞ്ചിനിയർ അറിയിക്കും.


  കേരളത്തെ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും യോഗങ്ങൾ വിളിച്ചുചേർത്ത്‌ വിവരശേഖരണവും പൂർത്തിയാക്കിയിരുന്നു. ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂർണ്ണ വൈദ്യുതീകരണം സാധ്യമാക്കുവാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക എത്രയും വേഗം തയ്യാറാക്കാനും ലൈൻ നിർമ്മിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റെടുക്കാനുമുള്ള നടപടികൾ സെക്ഷൻ ഓഫീസുകളിൽ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്‌.


No comments:

© The Grid, a blog for KSEB staff   

TopBottom